
അഞ്ചുദിവസം നീണ്ട ടെസ്റ്റ് മത്സരത്തിന്റെ വിരസതയില്‍നിന്ന് കാണികളെ ആകര്‍ഷിക്കുന്ന ഏകദിന മത്സരത്തിലേക്ക് ക്രിക്കറ്റ് മാറിയതും അതില്‍ ലോകജേതാവിനെ നിര്‍ണയിക്കാനുള്ള ലോകകപ്പ് അരങ്ങേറിയതും 1975-ലാണ്. വെള്ളക്കുപ്പായത്തിന്റെ മങ്ങിയ കാഴ്ചയില്‍നിന്ന് വര്‍ണാഭമായ കാലത്തേക്കും ക്രിക്കറ്റ് മാറി. പകല്‍മാത്രം മത്സരമെന്നത് പകലും രാത്രിയുമായി മാറി. വെള്ളപ്പന്തുകള്‍ വന്നു. പവര്‍ പ്ലേയും ഫ്രീഹിറ്റും ലോകകപ്പിലെത്തി.
ട്വന്റി 20യുടെ വരവോടെ ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഈ ലോകകപ്പ്. ഐ.പി.എല്‍. പോലുള്ള ഗ്ലാമര്‍ വേദികള്‍ പിന്നാലെ വരുമ്പോള്‍ ലോകകപ്പ് അല്പം അങ്കലാപ്പോടെയാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. ആവേശത്തിലേക്കുയര്‍ത്തുന്ന ഒരു മത്സരം മതി ഇത്തരം മുന്‍വിധികളെ ക്ലീന്‍ബൗള്‍ഡാക്കാന്‍.